ലക്നോ: ഉത്തർപ്രദേശിലെ ഏറ്റയിൽ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയെ അജ്ഞാതർ ചേർന്ന് വെടിവച്ചു കൊല്ലാൻ ശ്രമിച്ചു. പതിവ് പ്രഭാത നടത്തത്തിനായി പുറത്തിറങ്ങിയ സാധന മിശ്രയ്ക്കാണ് വെടിയേറ്റത്. ദഹേലിയ പൂത്ത് ഗ്രാമത്തിലെ വില്ലേജ് സെക്രട്ടേറിയറ്റിന് സമീപമായിരുന്നു സംഭവം.
തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക് പ്രഭാത നടത്തത്തിനായി പുറത്തിറങ്ങിയപ്പോൾ ഒരു വാഹനം സാധനയുടെ അടുത്ത് നിർത്തി നിരവധി പേർ പിന്തുടരാൻ തുടരുകയും ഇതിൽ ഒരാൾ വെടിവയ്ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാധന നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമികളിൽ രണ്ടുപേരെ സാധന തിരിച്ചറിഞ്ഞതായും ബല്ലു, ഗുൽബഹാർ എന്നിവരാണ് ആക്രമിച്ചതെന്നും സാധന പോലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ടതാണ് സംഭവമെന്ന് കണ്ടെത്തി. ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും എന്നാൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.